കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക്; അമരത്ത് യൂത്ത് കോണ്‍ഗ്രസ്, സംഘര്‍ഷം, നിസ്സാരരായി കാണരുതെന്ന് മുന്നറിയിപ്പ് (വീഡിയോ)

കര്‍ഷക ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യമൊട്ടാകെ കര്‍ഷകരുടെ വലിയ പ്രക്ഷോഭം.
കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക്; അമരത്ത് യൂത്ത് കോണ്‍ഗ്രസ്, സംഘര്‍ഷം, നിസ്സാരരായി കാണരുതെന്ന് മുന്നറിയിപ്പ് (വീഡിയോ)

ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യമൊട്ടാകെ കര്‍ഷകരുടെ വലിയ പ്രക്ഷോഭം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്ന് ആരംഭിച്ച ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഹരിയാനയില്‍ പൊലീസ് തടഞ്ഞു. 

കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാല-മൊഹാലി ഹൈവേയിലെ ബാരിക്കേഡുകള്‍ മാറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ബില്ലിനെതിരെ ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഹരിയാനയിലെ മിക്ക റോഡുകളും കര്‍ഷകര്‍ കയ്യേറി.

പഞ്ചാബിലെ കര്‍ഷകരെ നിസ്സാരരായി കാണരുത് എന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി അകാലിദള്‍ എംപി നരേഷ്‌ ഗുജ്‌റാള്‍ രംഗത്തെത്തി. 'പഞ്ചാബിലെ കര്‍ഷകര്‍ ദുര്‍ബലരാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. എല്ലാ പഞ്ചാബികളും നമ്മുടെ ഗുരുവിന്റെ മക്കളാണ്, അവരില്‍നിന്നാണ് ത്യാഗത്തെ കുറിച്ചും അടിച്ചമര്‍ത്തലിനെതിരെ പോരാടാനും ഞങ്ങള്‍ പഠിച്ചത്. പഞ്ചാബിലെ കര്‍ഷകരെ അടിച്ചമര്‍ത്തിയാല്‍ അകാലിദാള്‍ അവര്‍ക്കൊപ്പം മാത്രമേ നില്‍ക്കൂ.'- ഗുജ്‌റാള്‍ പറഞ്ഞു. 

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാാജ്യസഭയില്‍ രണ്ട് കര്‍ഷക ബില്ലുകള്‍ പാസാക്കിയത്. കര്‍ഷക സമരങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ ബില്ലുകള്‍ പാസാക്കിയത്. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ലുകള്‍ നിയമമാകും.

ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയത്.ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയാന്‍ ഉപാധ്യക്ഷന് നേരെ റൂള്‍ ബുക്ക് ഉയര്‍ത്തിക്കാണിച്ചു.മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.

കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com