ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷം; കര്‍ഷകരെ അഭിനന്ദിക്കുന്നെന്ന് മോദി

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് രണ്ടു കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കിയത്.
ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷം; കര്‍ഷകരെ അഭിനന്ദിക്കുന്നെന്ന് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം! പാര്‍ലമെന്റിലെ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാധ്വാനികളായ കര്‍ഷകരെ അഭിനന്ദിക്കുന്നു. ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനത്തിനും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും സഹായിക്കും'- അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് രണ്ടു കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കിയത്. പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിന്‍ബലത്തിലാണ് ബില്‍ പാസാക്കിയത്. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍) ബില്‍ 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് െ്രെപസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയത്. ഇവ വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്‍ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയിന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രയിന്‍ ഉപാധ്യക്ഷന് നേരെ റൂള്‍ ബുക്ക് ഉയര്‍ത്തിക്കാണിച്ചു. മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.

കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രി രാജിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com