പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ട്;  ലോക്‌സഭാ സമ്മേളനവും ബഹിഷ്‌കരിക്കും

കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ട്;  ലോക്‌സഭാ സമ്മേളനവും ബഹിഷ്‌കരിക്കും


ന്യൂഡല്‍ഹി:  കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ സമ്മേളന നടപടികള്‍ ബഹിഷ്‌കരിച്ചതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക്‌സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടി റദ്ദാക്കുന്നതുവരെ രാജ്യസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ അറിയിച്ചിരുന്നു.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാവിലെ സഭ ചേര്‍ന്നയുടന്‍ സംസാരിച്ച ഗുലാം നബി ആസാദ് മൂന്നു നിബന്ധനകള്‍ മുന്നോട്ടുവച്ചു. താങ്ങുവിലയില്‍ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികള്‍ കര്‍ഷകരില്‍നിന്നു ഉത്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ ബില്‍ വേണം, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് താങ്ങുവില പ്രഖ്യാപിക്കണം, എട്ട് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നീ നിബന്ധനകളാണ് ഗുലാം നബി മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഗുലാം നബി പറഞ്ഞു.

സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ ആര്‍ക്കും സന്തോഷമുണ്ടാക്കുന്നതല്ല. ജനങ്ങള്‍ തെരഞ്ഞെടുത്തു സഭയില്‍ അയക്കുന്നവരുടെ ശബ്ദം കേള്‍ക്കപ്പെടേണ്ടതുണ്ട് ഗുലാം നബി പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടു.

സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത് ആദ്യമായല്ല സഭയില്‍ അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതെന്ന് നായിഡു പറഞ്ഞു. താന്‍ ആര്‍ക്കും എതിരല്ല, അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് സന്തോഷത്തോടെയല്ല. അംഗങ്ങള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്ന് നായിഡു അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com