രാജ്യസഭാ ഉപാധ്യക്ഷന്‍ ഏകദിന ഉപവാസത്തില്‍ ; എംപിമാരുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധം

ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് ഹരിവംശിന്റെ പ്രവൃത്തിയെ അനുമോദിച്ച് പ്രധാനമന്ത്രി
രാജ്യസഭാ ഉപാധ്യക്ഷന്‍ ഏകദിന ഉപവാസത്തില്‍ ; എംപിമാരുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധം

ന്യൂഡല്‍ഹി : എംപിമാരുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ഉപവസിക്കും. നാളെ രാവിലെ വരെയാണ് നിരാഹാര സമരം ഇരിക്കുക.  രാജ്യസഭയില്‍ വെച്ച് തനിക്കുനേരെയുണ്ടായ എംപിമാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തിനെതിരെയാണ് സമരം. 

ഞായറാഴ്ച രാജ്യസഭയില്‍ കാര്‍ഷിക ബില്‍ അവതരണത്തിനിടെയാണ് ഹരിവംശ് നാരായണ്‍ സിങിന് നേര്‍ക്ക് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ഉണ്ടായത്. ബില്‍ അവതരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയ എംപിമാര്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ പോഡിയത്തിനുസമീപമെത്തി പ്രതിഷേധിച്ചിരുന്നു. 

തുടര്‍ന്ന് മോശം പെരുമാറ്റത്തിന് എട്ടു എംപിമാരെ ഒരാഴ്ചത്തേക്ക് സഭയില്‍ നിന്ന് രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ സമരം അനുഷ്ഠിക്കുകയാണ്. സമരം നടത്തുന്ന എംപിമാരുടെ സമീപം രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ഇന്ന് ചായയും പ്രഭാതഭക്ഷണങ്ങളുമായി എത്തിയിരുന്നു. ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് ഹരിവംശിന്റെ പ്രവൃത്തിയെ അനുമോദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഹരിവംശ് നാരായൺ സിങിന്റേത് ഷോ ആണെന്നാണ് ഉപവാസമിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചത്. 'രാജ്യസഭാ ഉപാധ്യക്ഷനെ ഞങ്ങള്‍ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഒറ്റയ്ക്കായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളെ ഒപ്പം കൂട്ടി ഷോ കാണിക്കാനാണ് എത്തിയത്' തൃണമൂല്‍ എംപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com