നടിമാരെ ഉപയോഗിച്ച് ആദിത്യയുടെ ഹണിട്രാപ്പ് ; വലയില്‍ വീണത് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ;  ക്രിക്കറ്റ്, സിനിമാ മേഖലയിലെ നിരവധി പേര്‍ 'നിരീക്ഷണത്തില്‍'

ചില പ്രമുഖ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്തവരില്‍ പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു
നടിമാരെ ഉപയോഗിച്ച് ആദിത്യയുടെ ഹണിട്രാപ്പ് ; വലയില്‍ വീണത് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ;  ക്രിക്കറ്റ്, സിനിമാ മേഖലയിലെ നിരവധി പേര്‍ 'നിരീക്ഷണത്തില്‍'

ബംഗളൂരു :  കന്നഡ സിനിമമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം ക്രിക്കറ്റ് താരങ്ങളിലേക്കും നീളുന്നു. കേസിലെ പ്രധാന പ്രതികളായ ആദിത്യ ആല്‍വ, വിരേന്‍ ഖന്ന എന്നിവര്‍ സിനിമാ നടിമാരെ ഉപയോഗപ്പെടുത്തി ക്രിക്കറ്റ്, സിനിമാ മേഖലയിലെ പ്രമുഖരെ ഹണിട്രാപ്പില്‍ കുടുക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. നടിമാര്‍ക്കൊപ്പം കളിക്കാര്‍ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തുവന്നു.

ഈ സംഭവത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) എന്നിവയ്ക്കു പുറമേ കര്‍ണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാവിഭാഗവും അന്വേഷണം ശക്തമാക്കി. കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

സംഭവത്തില്‍ ലഹരി ഇടപാടുകള്‍ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആര്‍ക്കെതിരെയും നടപടി എടുത്തിരുന്നില്ല. ഇപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് സൂചന. കന്നഡ സിനിമാ സീരിയല്‍ രംഗത്തെ നടീനടന്‍മാര്‍ക്കൊപ്പം ചില പ്രമുഖ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്തവരില്‍ പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രമുഖ നടന്‍ യോഗേഷ്, മുന്‍ രഞ്ജി താരം എന്‍ സി അയ്യപ്പ എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍ ജെഡിഎസ് എംപി ശിവരാമ ഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡ, ബിജെപി എംപിയുടെ മകന്‍ എന്നിവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ലഹരി പാര്‍ട്ടിയുടെ ആസൂത്രകനായ ആദിത്യ ആല്‍വയ്‌ക്കെതിരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഒളിവിലായ ആദിത്യ ആല്‍വ രാജ്യം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനും കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമാണ് ആദിത്യ ആല്‍വ. ഇതുവരെ 67 പേര്‍ക്കാണ് കേസില്‍ നോട്ടിസ് അയച്ചിട്ടുള്ളത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ 13 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com