ശുചിമുറിയിലെ നഗ്നദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി, ശമ്പളം ചോദിക്കുമ്പോള്‍ ബ്ലാക്ക്‌മെയില്‍, പരാതിയുമായി 52 ടീച്ചര്‍മാര്‍

ശമ്പള കുടിശ്ശിക ചോദിക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭീഷണി മുഴക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മീററ്റ് : സ്‌കൂള്‍ അധ്യാപികമാരുടെ ശുചിമുറിയിലെ നഗ്നദൃശ്യങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ രഹസ്യമായി പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തതായി പരാതി. 52 ടീച്ചര്‍മാരാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം. 

സ്‌കൂള്‍ ശുചിമുറിയിലെ വീഡിയോയും ഫോട്ടോകളും പകര്‍ത്തി, ഇത് പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം ശമ്പളം നല്‍കാതെ ജോലി ചെയ്യിച്ചു എന്നാണ് ടീച്ചര്‍മാര്‍ ആരോപിക്കുന്നത്. 

ശമ്പള കുടിശ്ശിക ചോദിക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭീഷണി മുഴക്കുകയായിരുന്നു പതിവെന്നും പരാതിയില്‍ അധ്യാപികമാര്‍ ചൂണ്ടിക്കാട്ടി. അധ്യാപികമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് ലൈംഗിക പീഡനം, ഒളിഞ്ഞുനോട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

എന്നാല്‍ ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി നിഷേധിച്ചു. അധ്യാപികമാരുടെ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ചിട്ടില്ല. അതേസമയം പുരുഷ അധ്യാപകന്മാരുടെ ശുചിമുറിയില്‍ സിസിടിവി ക്യാമറയുണ്ട്. ഇത് സമീപകാലത്ത് സ്‌കൂള്‍ പരിസരത്ത് കൊലപാതകം അടക്കമുള്ള സംഭവങ്ങള്‍ വര്‍ധിച്ചത് കണക്കിലെടുത്താണെന്നും പറഞ്ഞു. 

സ്‌കൂളില്‍ അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ കുടിശ്ശിക വന്നിട്ടുണ്ട്. അത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും സെക്രട്ടറി പറയുന്നു. അധ്യാപികമാരുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സാദര്‍ ബസാര്‍ പൊലീസ് എസ്എച്ച്ഒ വിജയ് ഗുപ്ത അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com