'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍
'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം പങ്കിട്ടു.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്‍ഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു എസ്പിബി. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ വിസ്മയിപ്പിച്ചു. ദുഃഖപൂര്‍ണമായ ഈ നിമിഷങ്ങളില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണ്. ഓം ശാന്തി.  പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. 

സംഗീത ഇതിഹാസം എസ്പി ബാലസുബ്രഹ്മണ്യം കടന്നുപോകുമ്പോള്‍ ഇന്ത്യന്‍ സംഗീതത്തിന് അതിമനോഹരമായ ഒരു ശബ്ദമാണ് നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ എണ്ണമറ്റ ആരാധകര്‍ 'പാടുന്ന നിലാവ്' അല്ലെങ്കില്‍ 'പാടുന്ന ചന്ദ്രന്‍' എന്ന് വിളിക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും നിരവധി ദേശീയ അവാര്‍ഡുകളും ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം- രാഷ്ട്രപതി കുറിച്ചു.

ആദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും സംഗീത ലോകത്ത് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാകാത്തതാണെന്നുമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.

ഇതിഹാസ സംഗീതജ്ഞനും പിന്നണി ഗായകനുമായ പദ്മ ഭൂഷണ്‍, എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചതില്‍ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സ്വരമാധുരിയും സമാനകളില്ലാത്ത സംഗീത ആലാപനവും നമ്മുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കും. കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു ഓം ശാന്തി- അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.

സംഗീത ലോകത്തെ ഇതിഹാസമായിരുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ അതിയായി ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. 

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്പിബിയെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. 

മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.

ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com