കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം ; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ താക്കീത് ; ഇമ്രാന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോക്ക്  ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2020 06:51 AM  |  

Last Updated: 26th September 2020 06:54 AM  |   A+A-   |  

 


ന്യൂയോര്‍ക്ക് : യുഎന്‍ പൊതു സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ജനറല്‍ അസംബ്ലിയില്‍ നിന്നും ഇന്ത്യയുടെ പ്രതിനിധി പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 

കശ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. 

നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന്‍ ഉപേക്ഷിക്കണം. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി. 

യുഎന്നില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച ഇമ്രാന്‍ ഖാന് ഇന്ത്യ ശക്തമായ മറുപടി നല്‍കിയെന്ന് യുഎന്നിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി ടി എന്‍ തിരുമൂര്‍ത്തി പറഞ്ഞു. ഇമ്രാന്റേത് നയതന്ത്രപരമായി ഏറ്റവും നിലവാരം കുറഞ്ഞ നടപടിയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന, സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാകിസ്ഥാന്‍ അസത്യപ്രചരണവുമായി ഇറങ്ങിയിരിക്കുകയാണെന്നും തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.