ഭാര്യയുടെ ആഭരണം വിറ്റ് വക്കീല്‍ ഫീസ് നല്‍കിയ ആള്‍ക്ക് 30,000 കോടിയുടെ റഫാല്‍ കരാര്‍; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍
ഭാര്യയുടെ ആഭരണം വിറ്റ് വക്കീല്‍ ഫീസ് നല്‍കിയ ആള്‍ക്ക് 30,000 കോടിയുടെ റഫാല്‍ കരാര്‍; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. 'ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത്' പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്റെ പക്കല്‍ സ്വത്തൊന്നുമില്ലെന്ന് പറഞ്ഞത്. 

2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ല. താന്‍ ഒരിക്കലും റോള്‍സ് റോയ്‌സ് സ്വന്തമാക്കിയിരുന്നില്ലെന്നും ഇപ്പോള്‍ ഒരു കാര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അനില്‍ അംബാനി പറഞ്ഞു. 

അമ്മയ്ക്ക് 500 കോടിയും മകന്‍ അന്‍മോലിന് 310 കോടിയും നല്‍കാനുണ്ടെന്ന് അനില്‍ പറഞ്ഞു. റിലയന്‍സ് ഇന്നൊവെന്റേഴ്‌സില്‍ തനിക്കുള്ള ഓഹരികള്‍ക്കു മൂല്യമില്ലെന്നും അറിയിച്ചു

കുടുംബട്രസ്റ്റ് ഉള്‍പ്പെടെ ലോകത്ത് ഒരു ട്രസ്റ്റിലും പങ്കാളിത്തമില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാശേഖരം ഭാര്യ ടിന അംബാനിയുടേതണ്.താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണെന്നും അനില്‍ പറഞ്ഞു. ആഭരണങ്ങള്‍ വിറ്റാണ് അഭിഭാഷകര്‍ക്കു പണം നല്‍കുന്നത്. തുടര്‍ന്നുള്ള ചെലവുകള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ മറ്റ് ആസ്തികള്‍ വില്‍ക്കാന്‍ കോടതിയുടെ അനുമതി ആവശ്യമാണെന്നും അനില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com