കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പോ?; പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നേ മഹാരാഷ്ട്രയില്‍ നടപ്പാക്കി, റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നേതന്നെ കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നടപ്പാക്കി.
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ബെംഗളൂരുവില്‍ നടന്ന സമരത്തില്‍ നിന്ന്/ചിത്രം: പിടിഐ
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ബെംഗളൂരുവില്‍ നടന്ന സമരത്തില്‍ നിന്ന്/ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നേതന്നെ കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നടപ്പാക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ നടത്തുന്ന സമയത്താണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് നിയമം നടപ്പാക്കിയ വിവരം പുറത്തുവരുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡിനന്‍സുകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഓഗസ്റ്റ് 10ന് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് സതീഷ് സോണി നിര്‍ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. 

കേന്ദ്രസര്‍ക്കാര്‍ ഒരു ഉത്തരവും പുറപ്പെടുവിക്കാതിരുന്ന സമയത്താണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ ഓര്‍ഡിനന്‍സുകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് ആറാഴ്ച മുന്‍പാണ് മാഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം നടപ്പാക്കിയത്. 

സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി എന്നത് ശരിയാണെന്നും എന്നാല്‍ നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നും സഹകരണ-വാണിജ്യവകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ബാലാസാഹേബ് ശര്‍മ്മ പറഞ്ഞു. 

കേന്ദ്ര കാര്‍ഷിക സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണ് വാണിജ്യ വകുപ്പിന്റെ വിശദീകരണം. 

കേരളം ഉള്‍പ്പെടെ മറ്റു നിരവധി സംസ്ഥാനങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളപ്പോഴാണ് മഹാരാഷ്ട്ര ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഭരണകക്ഷികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് ഓഗസ്റ്റ് പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല എന്നാണ് വിവരം. 

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബന്ദ് നടത്തി. കേരളത്തിലും ഉത്തര്‍പ്രദേശിലും  പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍ മാഹാരാഷ്ട്രയില്‍ നിയമം നടപ്പാക്കിയ വിവരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com