കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണം; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയ

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു
കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണം; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സോണിയയുടെ നിര്‍ദേശം.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കര്‍ഷക പ്രതിഷേധങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങും കര്‍ഷകര്‍ക്കൊപ്പം പഞ്ചാബില്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു. 

'കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ നിരാകരിക്കുന്നതിന്, ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു' കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

താങ്ങുവില ഒഴിവാക്കലടക്കം മോദി സര്‍ക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പ്രതിസന്ധിയിലാക്കി, മഹാസഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡിനന്‍സുകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഓഗസ്റ്റ് 10ന് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് സതീഷ് സോണി നിര്‍ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ ഒരു ഉത്തരവും പുറപ്പെടുവിക്കാതിരുന്ന സമയത്താണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ ഓര്‍ഡിനന്‍സുകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് ആറാഴ്ച മുന്‍പാണ് മാഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം നടപ്പാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com