27 വര്‍ഷം, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ

വിധി പറയുന്ന ദിവസം പള്ളി തകര്‍ത്ത പ്രതികളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌
27 വര്‍ഷം, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ

ലഖ്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ നാളെ പ്രത്യേക കോടതി വിധി പറയും. 1992ല്‍ മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പ്രതികളാണ്. വിധി പ്രസ്്താവിക്കുന്ന ദിവസം കേസിലെ 32 പ്രതികളോടും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രിമാരായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്വാര്‍, സാധ്വി റിതമ്പര, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് പ്രധാന പ്രതികള്‍. ഇതില്‍ കല്യാണ്‍ സിങും ഉമാഭാരതിയും കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സിയിലാണ്.  അതിനാല്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല.

സെപ്റ്റംബറില്‍ രാജ്‌സഥാനിലെ ഗവര്‍ണര്‍ കാലാവധി അവസാനിച്ചതിന് ശേഷമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് വിചാരണ നേരിട്ടത്. രാമജന്മക്ഷേത്രട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ ചമ്പാത് റായിയും കേസില്‍ പ്രതിയാണ്. വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാന്‍ ആഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്.

351 സാക്ഷികളെയും 600 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. 48 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നെങ്കിലും 17 പേര്‍ വിചാരണയ്ക്കിടെ മരിച്ചു. 

1992 ഡിസംബര്‍ ആറിനാണ് കര്‍സേവ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 1992 ഡിസംബര്‍ 16ന് ബാബറി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com