'അന്നും ഇന്നും ഞങ്ങള്‍ തെരുവില്‍; ഇവിടെയൊന്നും മാറിയിട്ടില്ല'; ഹത്‌റാസ് പെണ്‍കുട്ടിക്ക് നീതി വേണം, ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു

ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 19കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിധേഷം.
'അന്നും ഇന്നും ഞങ്ങള്‍ തെരുവില്‍; ഇവിടെയൊന്നും മാറിയിട്ടില്ല'; ഹത്‌റാസ് പെണ്‍കുട്ടിക്ക് നീതി വേണം, ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 19കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിധേഷം. കോണ്‍ഗ്രസിന്റെയും ഭീം ആര്‍മിയുടെയും നേതൃത്വത്തില്‍ പെണ്‍കുട്ടി ചികിത്സയിലിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ബലം പ്രയോഗിച്ചു. പ്രതികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 

'നിര്‍ഭയ സംഭവം നടന്നപ്പോള്‍ ഞങ്ങള്‍ തെരുവിലായിരുന്നു. ഇപ്പോഴും ഞങ്ങള്‍ തെരുവിലാണ്. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക്‌ നീതി വേണം'- ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 

യോഗി ആദിത്യനാഥിന്റെ കീഴിലില്‍ ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും ബിജെപി വനിതാ നേതാക്കളും മൗനം പാലിക്കുന്നത് എന്തിനാണെന്നും കോണ്‍ഗ്രസ് ചോദിച്ചു. 

പ്രതിഷേധക്കാരെ നേരിടുന്ന ഡല്‍ഹി പൊലീസ്/ചിത്രം പിടിഐ
 

ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലും മറ്റ് പ്രധാനപ്പെട്ട മേഖലകളിലും വന്‍ സുരക്ഷാ സന്നാഹങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

വിജയ് ചൗക്കില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധത്തില്‍/ചിത്രം: പിടിഐ
 

ഈ മാസം 14നാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ വെച്ച് നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കുട്ടിയുടെ നാവ് മുറിച്ചെടുക്കുകയും ചെയ്തു. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അലിഗഡിലെ ജെ എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായതോടെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com