കര്‍ഷകര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം സഹിക്കുന്നില്ല, കളളപ്പണം നേടാനുളള മറ്റൊരു വഴി കൂടി അടഞ്ഞു; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി 

കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കര്‍ഷകര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം സഹിക്കുന്നില്ല, കളളപ്പണം നേടാനുളള മറ്റൊരു വഴി കൂടി അടഞ്ഞു; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി 

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താങ്ങുവിലയുടെ പേരും പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. താങ്ങുവില മാത്രമല്ല, രാജ്യത്ത് എവിടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുളള സ്വാതന്ത്ര്യം കൂടി കാര്‍ഷിക ബില്ലുകളിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഈ സംഭവത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മോദി. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ പരിഷ്‌കരണ നടപടികള്‍ കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും ശക്തിപ്പെടുത്തുന്നതാണ്. എന്നാല്‍ ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി എങ്ങനെയാണ് കാര്യങ്ങളെ വളച്ചൊടിക്കുന്നതെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീവെച്ചതിലൂടെ അവര്‍(കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍) കര്‍ഷകരെ അപമാനിച്ചിരിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ഈ സര്‍ക്കാരാണ് അത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നവര്‍ താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് താങ്ങുവില മാത്രമല്ല ഉണ്ടാവുക, തങ്ങളുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യവും കര്‍ഷകര്‍ക്കുണ്ടാകും. എന്നാല്‍ ചില ആളുകള്‍ക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. അവരുടെ അനധികൃതമായി വരുമാനം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗം കൂടി അടഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com