ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കും; സ്‌കൂള്‍ തുറക്കുന്ന കാര്യം സംസ്ഥാനത്തിന് തീരുമാനിക്കാം; അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍

അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കും; സ്‌കൂള്‍ തുറക്കുന്ന കാര്യം സംസ്ഥാനത്തിന് തീരുമാനിക്കാം; അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി 'അണ്‍ലോക്ക് 5' മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആള്‍ക്കൂട്ടങ്ങള്‍ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്. 

സിനിമാ ഹാളുകള്‍ക്ക് പുറമെ കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി നീന്തല്‍കുളങ്ങള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അണ്‍ലോക്ക് 5 മാര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  അടച്ചിട്ട മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം. 

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോച്ചിങ് സെന്ററുകളും തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കാമെന്ന് അണ്‍ലോക്ക് 5 മാര്‍ഗ രേഖ. സ്‌കൂളുകളുമായി ചര്‍ച്ച നടത്തി തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണം. സ്‌കൂളുകളില്‍ ക്ലാസില്‍ ഹാജരാവാന്‍ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കാവൂ. ഹാജര്‍ നിര്‍ബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം ക്ലാസുകള്‍ പ്രവര്‍ത്തിക്കാനെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ തീരുമാനമെടുക്കാന്‍. വിദൂര വിദ്യഭ്യാസവും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയന്‍സ് വിഷയങ്ങളില്‍ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബര്‍ 15 മുതല്‍ അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വകുപ്പ് മേധാവികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവയുടെ കാര്യത്തില്‍ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.

സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നും അണ്‍ലോക്ക്  5 മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com