തൂക്കം 52 കിലോ, വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക്; നദിക്കരയില്‍ വയോധികയെ തേടിയെത്തിയ അത്ഭുത മത്സ്യം

നദിയില്‍ പൊങ്ങി കിടന്ന മത്സ്യത്തെ ഏറെ പണിപ്പെട്ടാണ് നദിക്കരയില്‍ താമസിക്കുന്ന വയോധിക കരക്കടുപ്പിച്ചത്. പിന്നാലെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവര്‍ ലക്ഷാധിപതിയായി
തൂക്കം 52 കിലോ, വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക്; നദിക്കരയില്‍ വയോധികയെ തേടിയെത്തിയ അത്ഭുത മത്സ്യം

കൊല്‍ക്കത്ത: നദിയില്‍ പൊങ്ങി കിടന്ന മത്സ്യത്തെ ഏറെ പണിപ്പെട്ടാണ് നദിക്കരയില്‍ താമസിക്കുന്ന വയോധിക കരക്കടുപ്പിച്ചത്. പിന്നാലെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവര്‍ ലക്ഷാധിപതിയായി. ബംഗാളിലെ സാഗര്‍ ദ്വിപിലെ ഛക്ഫുല്‍ദുബിയിലാണ് സംഭവം. 

പുഷ്പ എന്ന വയോധിക നദിക്കരയിലാണ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് നദിയില്‍ പൊങ്ങി കിടക്കുന്ന മത്സ്യത്തെ കണ്ടത്. വലയിട്ട് കരക്കടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഭാരം കൂടുതലാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. 

പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ കൂറ്റന്‍ മത്സ്യത്തെ വില്‍ക്കാനായി മാര്‍ക്കറ്റിലേക്ക്. ഇവിടെ എത്തി തൂക്കി നോക്കിയപ്പോഴാണ് 52 കിലോഗ്രാം തൂക്കമുള്ള ഭോള എന്ന മത്സ്യമാണ് അതെന്ന് തിരിച്ചറിഞ്ഞത്. കപ്പലില്‍ ഇടിച്ച് മീന്‍ ചത്തതായിരിക്കാം എന്നാണ് ഗ്രാമീണര്‍ പറയുന്നത്. 

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ചീയാത്തതിനെ തുടര്‍ന്ന് വയോധികയ്ക്ക് ഉയര്‍ന്ന വില ലഭിച്ചു. കഴിക്കാന്‍ ഉപയോഗിക്കാറില്ലെങ്കിലും ഇത്തരം മത്സ്യങ്ങളുടെ അവയവങ്ങള്‍ക്ക് വലിയ മൂല്യമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇത്തരം മീനുകളുടെ മാംസത്തിന് അകത്തിരിക്കുന്ന നെയ്യ് തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. 

ഔഷധ കൂട്ടുകള്‍ക്കാണ് ഇത്തരം നെയ്യുകള്‍ ഉപയോഗിക്കുക. കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയര്‍ന്ന വിലയോ ഈ മീനുകള്‍ക്ക് ലഭിക്കും. വയോധികയ്ക്ക് മൂന്ന് ലക്ഷം രൂപയാണ് ഈ മത്സ്യം വിറ്റതില്‍ നിന്ന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com