ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്ന് വിധി, കനത്ത സുരക്ഷ

ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ
ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്ന് വിധി, കനത്ത സുരക്ഷ

ലക്നൗ; ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ ഇന്ന് വിധി പറയും. ലക്നൗ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവാണ് രാജ്യം ഉറ്റുനോക്കുന്ന കേസിൽ വിധി പറയുക. ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ.

1992 ഡിസംബര്‍ 6 ലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമുണ്ടായത്. 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എ കെ അഡ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് ഉൾപ്പടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ചികിത്സയിലാണ്. 

അതിനിടെ വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാൽ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ദേശീയ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് ഉമാഭാരതിയുടെ കടുത്ത നിലപാടിന് പിന്നിലെന്ന സൂചനയും ഉണ്ട്. 

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. 2001ൽ ഗൂഡാലോചന കുറ്റത്തിൽ നിന്ന് അഡ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധിച്ചു. രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.

കോവിഡ്‌ കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അഡ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. മസ്ജിദ് തകര്‍ത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അഡ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകര്‍ത്ത കേസിൽ വിധി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com