ബിഹാറില്‍ സിപിഐ(എംഎല്‍) മഹാസഖ്യത്തിന് പുറത്ത്, മുന്നണി വിടുന്ന മൂന്നാമത്തെ പാര്‍ട്ടി

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറില്‍ ഒരു പാര്‍ട്ടി കൂടി മഹാസഖ്യം വിട്ടു
ബിഹാറില്‍ സിപിഐ(എംഎല്‍) മഹാസഖ്യത്തിന് പുറത്ത്, മുന്നണി വിടുന്ന മൂന്നാമത്തെ പാര്‍ട്ടി

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറില്‍ ഒരു പാര്‍ട്ടി കൂടി മഹാസഖ്യം വിട്ടു. സംസ്ഥാനത്ത് സ്വാധീനമുള്ള പ്രധാന ഇടത് പാര്‍ട്ടിയായ സിപിഐ (എംഎല്‍) ലിബറേഷനാണ് സഖ്യം വിട്ടിരിക്കുന്നത്. ആര്‍ജെഡിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വിജയമാകാതെ വന്നതിന് പിന്നാലെയാണ് സിപിഐ (എംഎല്‍) പുറത്തുപോയിരിക്കുന്നത്. മുപ്പത് സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വഹയുടെ ആര്‍എല്‍എസ്പി മുന്നണി വിട്ടതിന് പിന്നാലെയാണ് സിപിഐ (എംഎല്‍) പുറത്തുപോയിരിക്കുന്നത്. 

സംസ്ഥാനത്ത് ഇരുപതിലേറെ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് സിപിഐ (എംഎല്‍), മൂന്ന് എംഎല്‍എമാരും പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐ (എംഎല്‍) ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ഒപ്പമാണ് മത്സരിച്ചത്. അതേസമയം, മറ്റു രണ്ട് പ്രധാന ഇടതുപാര്‍ട്ടികളായ സിപിഐയും സിപിഎമ്മും സഖ്യത്തിനൊപ്പം മത്സരിക്കുമെന്നാണ് സൂചന. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ മാറിനിന്നത് എന്‍ഡിഎയെ സഹായിച്ചു എന്ന വിലയിരുത്തലിലാണ് സിപിഐ,സിപിഎം, സിപിഐ (എംഎല്‍) എന്നിവയെ കൂടെക്കൂട്ടാന്‍ മഹാസഖ്യം തീരുമാനിച്ചത്. 

20 സീറ്റുകള്‍ നല്‍കാമെന്ന ആര്‍ജെഡി നിലപാടിനോട് യോജിച്ചെങ്കിലും, പട്‌ന, ഔറംഗാബാദ്, ജെഹനാബാദ്, ഗയ, ബക്‌സര്‍, നളന്ദ മണ്ഡലങ്ങള്‍ വിട്ടുനല്‍കാത്തത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി മുന്നണി വിട്ടത്. 

മഹാസഖ്യത്തില്‍ നിന്നും വിട്ടുപോകുന്ന മൂന്നമത്തെ പ്രധാന പാര്‍ട്ടിയാണ് സിപിഐ (എംഎല്‍). നേരത്തെ, തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച പുറത്തുപോയിരുന്നു. എന്‍ഡിഎ സഖ്യമായി മത്സരിക്കുന്ന ജെഡിയുവിന് പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് മാഞ്ചിയുടെ തീരുമാനം. 

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നിതിലും സീറ്റ് വിഭജനത്തിലും അസംപ്തൃപ്തി രേഖപ്പെടുത്തിയാണ് ആര്‍എല്‍എസ്പി മഹാസഖ്യം വിട്ടത്. മായാവതിയുടെ ബിഎസ്പി, ജന്‍വാദി പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് മൂന്നാംമുന്നണിയായി മത്സരിക്കാനാണ് ആര്‍എല്‍എസ്പിയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com