സിവില്‍ സര്‍വീസ് പരീക്ഷ മാറ്റില്ല, നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തളളി

കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായി 50 കോടിയില്‍പ്പരം രൂപ ചെലവഴിച്ചതായി യുപിഎസ്‌സി കോടതിയെ ബോധിപ്പിച്ചു.

കോവിഡ് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന ഏതാനും ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അഡ്മിറ്റ് കാര്‍ഡുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് താമസത്തിന് പരീക്ഷാ സെന്ററിന് സമീപം സൗകര്യം ഏര്‍പ്പെടുത്തി നല്‍കണം. ഇക്കാര്യം അധികൃതര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഉദ്യോഗാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. പരീക്ഷ ഇനിയും വൈകിയാല്‍ ഭാവിയിലും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന യുപിഎസ്‌സിയുടെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതി വിധി. രാജ്യത്ത് 72 സെന്ററുകളിലായാണ് പരീക്ഷ നടത്തുന്നത്.

പത്തുലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. ഇവര്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുപിഎസ്‌സി സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് ആവശ്യത്തിന് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്ന് റെയില്‍വേയോടും യുപിഎസ്സി ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com