ഹാഥ്‌രസിലെ പെണ്‍കുട്ടി മരിച്ചതല്ല, യുപി സര്‍ക്കാര്‍ കൊന്നതാണ്; വൈകാരികമായി പ്രതികരിച്ച് സോണിയ ഗാന്ധി

മികച്ച ചികിത്സ ഉറപ്പുവരുത്താതെ യുവതിയെ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന് സോണിയ
ഹാഥ്‌രസിലെ പെണ്‍കുട്ടി മരിച്ചതല്ല, യുപി സര്‍ക്കാര്‍ കൊന്നതാണ്; വൈകാരികമായി പ്രതികരിച്ച് സോണിയ ഗാന്ധി

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പത്തൊന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വൈകാരികമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുവതി മരിച്ചതല്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണ്. മികച്ച ചികിത്സ ഉറപ്പുവരുത്താതെ യുവതിയെ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന് സോണിയ പറഞ്ഞു.

സംസ്ഥാനത്ത് പെണ്‍കുട്ടിയായി ജനിക്കുന്നത് അപരാധമാണോ?.  യോഗി ആദിത്യനാഥ് സര്‍ക്കാരിന് ജനം മാപ്പുനല്‍കില്ല. രാജ്യത്തെ നശിപ്പിക്കാനും ഭരണഘടനയെ തകര്‍ക്കാനും ബിജെപിയെ അനുവദിക്കില്ലെന്നും സോണിയ പറഞ്ഞു.  

അതേസമയം കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക്സര്‍ക്കാര്‍ ജോലി നല്‍കും. വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് യുപിയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഡല്‍ഹി വനിത കമ്മിഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും കത്തയച്ചു.

മൃതദേഹം കുടുംബത്തെ കാണിക്കാതെ യുപി പൊലീസ് രഹസ്യമായി സംസ്‌കരിച്ചതു വിവാദമായി. പൊലീസിന്റെ നടപടി അന്യായമാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഹാഥ്‌രസ് ഇരയെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു, എന്നാല്‍ കഴിഞ്ഞദിവസം മുഴുവന്‍ വ്യവസ്ഥിതിയുമാണ് അവളെ ക്രൂരമായി പീഡിപ്പിച്ചതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയോടു നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com