നടിയും എംപിയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം; ചികിത്സയിലാണെന്ന് അനുപം ഖേര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 12:26 PM |
Last Updated: 01st April 2021 12:29 PM | A+A A- |
അനുപം ഖേർ, കിരൺ ഖേർ/ ഇൻസ്റ്റഗ്രാം
നടിയും രാഷ്ട്രീയ നേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം. ഭര്‍ത്താവും നടനുമായ അനുപം ഖേറാണ് വിവരം പുറത്തുവിട്ടത്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് താരമിപ്പോള്‍. ചണ്ഡീഗഡില്‍ നിന്നുള്ള എംപിയായ കിരണിന്റെ അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് രോഗവിവരം വ്യക്തമാക്കിക്കൊണ്ട് അനുപം ഖേര്‍ രംഗത്തെത്തിയത്.
കിരണിന് ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. ഇപ്പോള്‍ അവള്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. പഴയതിലും ശക്തിയോടെ അവള്‍ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. മികച്ച ഡോക്ടര്‍മാരുടെ പരിചരണം അവള്‍ക്ക് കിട്ടുന്നത് ഞങ്ങളെ അനുഗ്രഹമായി കാണുന്നു. അവള്‍ എപ്പോഴും പോരാളിയായിരുന്നു. അവള്‍ നല്ല ഹൃദയത്തിന് ഉടമയാണ്, അതിനാലാണ് ഒരുപാട് പേര്‍ അവളെ സ്‌നേഹിക്കുന്നത്. അതിനാല്‍ പ്രാര്‍ത്ഥനയിലൂടെ അവളര്‍ക്ക് സ്‌നേഹം പകരൂ. രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ് അവള്‍. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. - അനുപം ഖേര്‍ കുറിച്ചു.
— Anupam Kher (@AnupamPKher) April 1, 2021
അടുത്തിടെയാണ് കിരണ്‍ ഖേറിനെ കാണുന്നില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. അതിന് പിന്നാലെ ചണ്ഡീഗഡിലെ ബിജെപി നേതാവ് അരുണ്‍ സൂദ് താരത്തിന്റെ രോഗവിവരം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. നവംബറില്‍ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇടത്തെ തോളിലും വലത്തെ കയ്യിലും കാന്‍സര്‍ സ്ഥിരീകരിച്ചത് എന്നാണ് സൂദ് പറഞ്ഞത്.