രാജ്യം വീണ്ടും കോവിഡ് ആശങ്കയില്‍ ; ഇന്നലെ മാത്രം  72,330 പേര്‍ക്ക് രോഗബാധ ; മരണനിരക്കും ഉയരുന്നു ; 24 മണിക്കൂറിനിടെ 459 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 459 പേര്‍ കൂടി മരിച്ചതോടെ, ആകെ കോവിഡ് മരണം 1,62,927 ആയി ഉയര്‍ന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 72,330 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ 459 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 

72,330 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. നിലവില്‍ 5,84,055 പേരാണ് ഇന്ത്യയില്‍ ചികില്‍സയിലുള്ളത്. 40,382 പേരാണ് ഇന്നലെ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,14,74,683 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

24 മണിക്കൂറിനിടെ രാജ്യത്ത് 459 പേര്‍ കൂടി മരിച്ചതോടെ, ആകെ കോവിഡ് മരണം 1,62,927 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,544 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം  28,12,980 ആയി. 

ഇന്നലെ മാത്രം 227 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,549 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ രാജ്യത്ത് ഇന്ന് ആരംഭിക്കും. രാജ്യത്ത് ഇതുവരെ  6,51,17,896 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com