ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം, കൃത്രിമം നടത്താനെന്ന് കോണ്‍ഗ്രസ്; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)

അസം രണ്ടാം ഘട്ട പോളിങ്ങിനിടെ,  ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെത്തിയത് വിവാദമാകുന്നു
അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ വോട്ടിങ് യന്ത്രം
അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ വോട്ടിങ് യന്ത്രം

ദിസ്പുര്‍: അസം രണ്ടാം ഘട്ട പോളിങ്ങിനിടെ,  ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെത്തിയത് വിവാദമാകുന്നു. പതര്‍കണ്ടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൈകാര്യം ചെയ്യുന്നതില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ ടാഗ് ചെയ്തതോടെയാണ് ചര്‍ച്ചയായത്.

ഇന്നലെയാണ് സംഭവം. മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് ഒരു വോട്ടിങ് മെഷീന്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം കൊണ്ടുപോകുന്നത് അറിഞ്ഞ് നാട്ടുകാര്‍ കാര്‍ തടഞ്ഞു. തുടര്‍ന്ന് ഈ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കന്മാര്‍ സ്ഥലത്തെത്തുകയും കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് തെരഞ്ഞുടുപ്പ് കമ്മീഷന്‍ അന്വഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാണ് ഇയാള്‍ ഇത് എടുത്തുകൊണ്ടുപോയത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും ഭരണ കക്ഷിയായ ബിജെപിയും തമ്മില്‍ നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിലേക്ക് വോട്ടിങ് യന്ത്രം മാറ്റുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സഹായം തേടിയ കാര്‍ സ്ഥാനാര്‍ത്ഥിയുടേതാണെന്ന് പിന്നീടാണ് അറിഞ്ഞത്. വോട്ടിങ് മെഷീന്‍ സുരക്ഷിതമാണെന്നും കാര്‍ തടഞ്ഞവര്‍ക്കെതിരെ കേസെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com