സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി  റെയ്ഡ് ; മരുമകന്റെ സ്ഥാപനങ്ങളിലും പരിശോധന ; രാഷ്ട്രീയപകപോക്കലെന്ന് ഡിഎംകെ

അണ്ണാനഗറിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി മോഹന്റെ മകന്‍ കാര്‍ത്തിക്കിന്റെ വീട്ടിലും ഐടി വകുപ്പ് റെയ്ഡ് നടത്തി
സെന്താമര /ഫയല്‍ ചിത്രം
സെന്താമര /ഫയല്‍ ചിത്രം

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.  സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ചെന്നൈയ്ക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.  സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. 

സ്റ്റാലിന്റെ മരുമകന്‍ ശബരീശനുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ കൂടി റെയ്ഡ് നടക്കുന്നുണ്ട്. അണ്ണാനഗറിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി മോഹന്റെ മകന്‍ കാര്‍ത്തിക്കിന്റെ വീട്ടിലും ഐടി വകുപ്പ് റെയ്ഡ് നടത്തി. ശബരീശനുമായി അടുത്ത ബന്ധമാണ് കാര്‍ത്തിക്കിനുള്ളത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം സമാഹരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമുള്ള ഇടപെടല്‍ ശബരീശന്‍ നടത്തിയതായാണ്  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

ഇത് രണ്ടാം തവണയാണ് ഡിഎംകെ നേതാവിൻരെ വീട്ടിൽ ആദായനികുതി റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ച പാർട്ടി നേതാവ് ഇ വി വേലുവിന്റെ വീട്ടിലും കോളജിലും ​ഗസ്റ്റ് ഹൗസിലും ആദ്യനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. സ്റ്റാലിന്റെ മകളുടെയും മരുമകന്റെ സ്ഥാപനങ്ങളിലെയും ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് ഡിഎംകെ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com