അവര്‍ക്കു വിവരവും വിദ്യാഭ്യാസവുമുണ്ട്; തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയെയും ബിജെപിക്കു വാങ്ങാന്‍ കിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 04:55 PM |
Last Updated: 02nd April 2021 04:55 PM | A+A A- |

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ /ഫയല്‍ ഫോട്ടോ
ചെന്നൈ: തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യത്തിലെ എംഎല്‍എമാരെ ബിജെപിയ്ക്ക് വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മറ്റിടങ്ങളെ പോലെയല്ല തമിഴ്‌നാട്ടിലെ എംഎല്‍എമാര്‍. അവര്‍ നല്ല വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന യോഗ്യതയുള്ളവരും സാമൂഹ്യനീതിയ്ക്കായി നിലകൊള്ളുന്നവരുമാണ്. അവരെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂദായികമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസ് പ്രത്യയശാസ്ത്രമാണ് ബിജെപി നടത്തുന്നത്. കടുത്തവിഷമുള്ള പാമ്പാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ രണ്ട് ദിവസം മുന്‍പത്തെ സന്ദര്‍ശനത്തിനിടെയുണ്ടായ അക്രമം ഇതിന്റെ തെളിവാണെന്നും ഖാര്‍ഗെ പറഞ്ഞു.
നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കി. കാര്‍ഷിക മേഖല, ബിസിനസ്, ടെക്‌സ്‌റ്റൈയില്‍ തുടങ്ങിയ സമസ്ത മേഖലെയയും സാരമായി ബാധിച്ചു. കോണ്‍ഗ്രസ് ഭരിച്ച 70 വര്‍ഷം രാജ്യത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. 2014 വരെ രാജ്യത്ത് വിദ്യാഭ്യാസത്തിനുള്ള അവകാശവും ഭക്ഷ്യസുരക്ഷയും പാര്‍ട്ടി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എന്നാല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കാതെ, ആലോചിക്കാതെ എടുക്കുന്ന മോദിയുടെ തീരുമാനങ്ങളാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ കുടംബവാഴ്ചയാണെന്നാണ് മോദിയുടെ മറ്റൊരാക്ഷേപം. എന്നാല്‍ രാജീവ് ഗാന്ധിക്ക്് ശേഷം ആ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ പ്രധാനമന്ത്രിയായിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു. എഐഎഡിഎകെയില്‍ ഇപ്പോള്‍ അമ്മയോ അണ്ണയോ ഇല്ലെന്നും അത് അമിത്ഷാ എഡിഎംകെയായായെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.