സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചത് നരേന്ദ്രമോദിയുടെ പീഡനത്തെ തുടര്‍ന്ന് ; ആരോപണവുമായി ഡിഎംകെ നേതാവ് ; വിവാദം

ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ സുഷമസ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും കുടുംബം രംഗത്തെത്തി
അരുണ്‍ ജെയ്റ്റ്‌ലി, സുഷമസ്വരാജ്, ഉദയനിധി സ്റ്റാലിന്‍ / ഫയല്‍ ചിത്രം
അരുണ്‍ ജെയ്റ്റ്‌ലി, സുഷമസ്വരാജ്, ഉദയനിധി സ്റ്റാലിന്‍ / ഫയല്‍ ചിത്രം

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പീഡനവും സമ്മര്‍ദ്ദവും മൂലമാണ് കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചതെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമാകുന്നു. 
വെങ്കയ്യ നായിഡു അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെ നരേന്ദ്ര മോദി അരികുവല്‍ക്കരിച്ചുവെന്നും ഉദയനിധി ആരോപിച്ചു. 

മോദി നിങ്ങള്‍ എല്ലാവരേയും അടിച്ചമര്‍ത്തി. നിങ്ങളെ വണങ്ങാനോ ഭയപ്പെടാനോ ഞാന്‍ ഇ പളനിസ്വാമിയല്ല എന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. താന്‍ ഉദയനിധി സ്റ്റാലിനാണ്, കലൈഞ്ജറുടെ പേരമകന്‍. ഉദയനിധി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ സുഷമസ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും കുടുംബം രംഗത്തെത്തി. തന്റെ അമ്മയുടെ പേര് ഉദയനിധി ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്. നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നരേന്ദ്ര മോദി അമ്മയെ ഏറെ ബഹുമാനിച്ചിരുന്നു. ഏറെ കഷ്ടപ്പെട്ട സമയത്ത് തങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നയാളാണ് പ്രധാനമന്ത്രി. നിങ്ങളുടെ പ്രസ്താവന ഞങ്ങളെ മുറിവേല്‍പ്പിക്കുന്നതാണെന്നും സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് പറഞ്ഞു. 

ഉദയനിധിയുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍ പ്രതികരിച്ചത്. നിങ്ങള്‍ തെരഞ്ഞെടുപ്പ് സമ്മര്‍ദ്ദത്തിലാണെന്ന് എനിക്ക് മനസ്സിലാകും. എന്നാല്‍ എന്റെ പിതാവിനെ അപമാനിക്കാനോ പിതാവിനേക്കുറിച്ച് നുണ പറഞ്ഞാലോ മിണ്ടാതിരിക്കില്ല. അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോദിയും തമ്മില്‍ പ്രത്യേക ബന്ധമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയത്തിനും അതീതമായ ഒന്നായിരുന്നു അത്. നിങ്ങള്‍ക്ക് അത്തരമൊരു ബന്ധമുണ്ടാവാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നാണ് സൊണാലി ജെയ്റ്റ്‌ലി ബാഷി ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com