വാക്‌സിന്റെ രണ്ട് ഡോസ് എടുത്തിട്ടും 15ഓളം പേര്‍ക്ക് കോവിഡ്; ആശങ്ക വേണ്ട, സാധാരണ സംഭവമെന്ന് ഡോക്ടര്‍മാര്‍

വാക്‌സിന്‍ എടുത്തിട്ടും കോവിഡ് വന്നവരില്‍ രോഗം ഗുരുതരമാകുന്ന സ്ഥിതി ഇല്ലെന്നാണ് വിലയിരുത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹൈദരാബാദ്: കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചിട്ടും തെലങ്കാനയില്‍ 15ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. അതേസമയം വാക്‌സിന്‍ എടുത്തിട്ടും രോഗം വന്നവരില്‍ വൈറസ് ബാധയുടെ തോത് നേരിയ അളവില്‍ മാത്രമേ ഉണ്ടായൊള്ളു എന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഇത് സാധാരണ സംഭവം മാത്രമാണെന്നും അവര്‍ പറഞ്ഞു. 

ഇന്ത്യയില്‍ നല്‍കുന്ന രണ്ട് വാക്‌സിനുകളും (കൊവിഷീല്‍ഡ്, കോവാക്‌സിന്‍) 71-81 ശതമാനം മാത്രം ഫലക്ഷമത ഉള്ളതാണ്. ബാക്കി 20-30 ശതമാനം പേര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. 'ഇന്ത്യയില്‍ ലഭിക്കുന്ന ഒരു വാക്‌സിനും 100ശതമാനം ഫലവത്തല്ല. അതിന്റെ അര്‍ത്ഥം ഒരു ചെറിയ വിഭാഗത്തില്‍ എപ്പോഴും കോവിഡ് വരാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ്. പക്ഷെ ഇതുമൂലം വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ആരും പിന്തിരിയരുത്. കാരണം അതിന്റെ പ്രയോജനങ്ങള്‍ വളരെയധികമാണ്', പൊതുആരോഗ്യ ഡയറക്ടര്‍ ഡോ. ജി ശ്രീനിവാസ റാവൂ പറഞ്ഞു. 

വാക്‌സിന്‍, രോഗം വരുന്നത് തടഞ്ഞില്ലെങ്കിലും ശരീരത്തില്‍, വൈറസിനെതിരെയുള്ള പ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം. കോവിഡ് ഗുരുതരമാകുന്ന സ്ഥിതി ഇത് ഒഴിവാക്കുമെന്നാണ് വിലയിരുത്തല്‍. രോഗിക്ക് ഓക്‌സിജനും മറ്റും വൈദ്യസഹായവും വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാകും. വാക്‌സിന്‍ എടുത്തിട്ടും വൈറസ് ബാധയുണ്ടായ രോഗികളുടെ കൂട്ടത്തില്‍ 80വയസ്സുള്ള ഒരാളുണ്ടായിരുന്നെന്നും അദ്ദേഹത്തില്‍ ശ്വാസകോശ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ പെട്ടെന്ന് രോഗം ഭേദമായെന്നും ഡോ. ശ്രീനിവാസ ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com