വ്യാജ ന​ഗ്ന ചിത്രങ്ങൾ നിർമിച്ച് ഭീഷണി; സ്‌കൂൾ വിദ്യാർത്ഥിനികളെ സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരൻ ഒടുവിൽ കുടുങ്ങി

വ്യാജ ന​ഗ്ന ചിത്രങ്ങൾ നിർമിച്ച് ഭീഷണി; സ്‌കൂൾ വിദ്യാർത്ഥിനികളെ സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരൻ ഒടുവിൽ കുടുങ്ങി
ഭരത് ഖട്ടാർ/ ട്വിറ്റർ
ഭരത് ഖട്ടാർ/ ട്വിറ്റർ

ന്യൂഡൽഹി: വ്യാജ നഗ്ന ചിത്രങ്ങൾ നിർമിച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുന്ന യുവാവ് പിടിയിൽ. ‍ഡൽഹിയിലാണ് സംഭവം. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാറിനെ (25) യാണ് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 

സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌കൂൾ വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്ന ചിത്രങ്ങൾ നിർമിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിരവധി പെൺകുട്ടികൾ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. 

ഡൽഹി- എൻസിആർ മേഖലയിലെ സ്വകാര്യ സ്‌കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് പ്രതി വലയിൽ കുരുക്കിയത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകളിലൂടെ ആദ്യം ഇവരുമായി പരിചയം സ്ഥാപിക്കും. പിന്നീട് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ നഗ്ന ചിത്രങ്ങൾ നിർമിക്കും. തുടർന്ന് പെൺകുട്ടികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ഈ നഗ്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്താണ് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നത്. 

ചിത്രങ്ങൾ ഒഴിവാക്കണമെങ്കിൽ സെക്‌സ് ചാറ്റിങ്ങിനും വീഡിയോ കോളിനും സഹകരിക്കണമെന്നാണ് പ്രതി ആവശ്യപ്പെടുക. ഭീഷണിയും മാനഹാനിയും ഭയന്ന് മിക്കവരും ഇതിൽ പരാതി നൽകാറില്ലെന്നും പൊലീസ് പറഞ്ഞു. 

തന്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചിട്ടുണ്ടെന്നും മകൾക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും അയക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ സ്ത്രീ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ പെൺകുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാർത്ഥിനിക്കും സമാന അനുഭവമുണ്ടായി. സംഭവത്തിൽ ഭരതിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പിന്നീട് വ്യാജ അക്കൗണ്ടുകൾ നിർമിച്ച് വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

ഇയാളുടെ അതിക്രമത്തിനിരയായ ഏഴ് പെൺകുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ രണ്ട് പേരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇയാളുടെ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. 

ഫരീദാബാദിലെ പ്രമുഖ സ്‌കൂളിൽനിന്ന് പാസായ പ്രതി ഡൽഹി സർവകലാശാലയിൽ നിന്നാണ് ബികോം ബിരുദം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി ഡൽഹിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയാണ്. 

പ്രതിയുടെ കൈയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും നേരത്തെ ഒരു പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചതിന് ഇയാൾക്കെതിരേ ഫരീദാബാദ് സൈബർ പൊലീസിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com