'യുപിയിലെത്തിയത് മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട്'; സിദ്ദിഖ് കാപ്പന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സിദ്ദിഖിന് എതിരെ നേരത്തെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം

ലഖ്‌നോ: ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എതിരെ പ്രത്യേക ദൗത്യ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ദിഖിന് എതിരെ നേരത്തെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. 

സിദ്ദിഖും കൂട്ടരും മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുപിയിലെത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസ് മെയ് ഒന്നിന് പരിഗണിക്കും. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് യുപിയിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാപ്പനടക്കം നാലുപേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലില്‍ കഴിയുകയാണ് കാപ്പന്‍. ഇതിനിടെ, അസുഖ ബാധിതയായ മാതാവിനെ കാണാന്‍ ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തേക്ക് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം മഥുര പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റം, യുഎപിഎ, ഐ ടി നിയമലംഘനം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com