പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ, രാഷ്ട്രീയ യോഗങ്ങള്‍ക്ക് നിരോധനം; വിവാഹത്തിന് 50ലധികം പേര്‍ പങ്കെടുക്കരുത്

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്/ഫയല്‍ ചിത്രം
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്/ഫയല്‍ ചിത്രം

ചണ്ഡീഗഡ്: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ് നൈറ്റ് കര്‍ഫ്യൂ. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര, ഡല്‍ഹി എന്നി സംസ്ഥാനങ്ങള്‍ക്ക് പുറമേ പഞ്ചാബും രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. അടുത്തിടെ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിതരാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നൈറ്റ് കര്‍ഫ്യൂവിന് പുറമേ മറ്റു ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനാണ് ക്രമീകരണം. ആള്‍ക്കൂട്ടത്തിന് ഇടയാക്കുന്ന രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം.

മാസ്‌ക് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന എല്ലാ ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. സംസ്ഥാനത്തെ 12 ജില്ലകളില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാനമൊട്ടാകെ നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങളും ഏപ്രില്‍ 30 വരെ തുടരുമെന്ന് ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com