സംസ്ഥാനത്ത് പടരുന്നത് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയം : മഹാരാഷ്ട്ര ആരോഗ്യമന്ത്രി

20-40 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കുന്നതില്‍ പ്രധാന പരിഗണന നല്‍കണമെന്ന് ആരോഗ്യമന്ത്രി
മന്ത്രി രാജേഷ് തോപ്പെ / എഎന്‍ഐ
മന്ത്രി രാജേഷ് തോപ്പെ / എഎന്‍ഐ

മുംബൈ : മഹാരാഷ്ട്രയില്‍ പടരുന്നത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ. ചുരുങ്ങിയ കാലയളവിലാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. ഇതേക്കുറിച്ച് പഠിക്കാനായി സാംപിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. 

മഹാമാരി പടരുന്ന സാഹചര്യത്തില്‍ ആരും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിപക്ഷം ജനങ്ങളെ പ്രകോപിപ്പിക്കരുത്. ഇളവുകള്‍ വേണ്ട സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുമെന്നും രാജേഷ് തോപ്പെ പറഞ്ഞു.

വാക്‌സിനേഷന്‍ സെന്ററുകളില്‍ വാക്‌സിന്‍ ഡോസിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അതുകൊണ്ട് പലരും മടങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. 14 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഇപ്പോഴുള്ളത്. ഇത് മൂന്നുദിവസത്തേക്ക് മാത്രമേ തികയൂ. അതിനാല്‍ ആഴ്ചയില്‍ 40 ലക്ഷം വാക്‌സിനുകള്‍ ലഭ്യമാക്കണം. 20-40 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കുന്നതില്‍ പ്രധാന പരിഗണന നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com