'ഇനിയും വീഴ്ച അരുത്', മഹാരാഷ്ട്രയില്‍ ഏപ്രില്‍ മുപ്പതോടെ രോഗികളുടെ എണ്ണം 11 ലക്ഷം കടക്കാം, ഓക്‌സിജന്‍ ലഭ്യതയില്‍ ആശങ്ക; മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30 ഓടേ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11 ലക്ഷം കടന്നേക്കാമെന്ന് മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30 ഓടേ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11 ലക്ഷം കടന്നേക്കാമെന്ന് മുന്നറിയിപ്പ്.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ജനം വീഴ്ച വരുത്തിയാല്‍ ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാമെന്ന് കേന്ദ്രം സംസ്ഥാനസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കേസുകളുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയര്‍ന്നാല്‍ ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. എന്നാല്‍ രാജ്യത്തൊട്ടാകെ ചികിത്സയിലുള്ളവര്‍ 11 ലക്ഷത്തില്‍ താഴെയാണ്. സ്ഥിതിഗതികള്‍ ഈ നിലയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ മാത്രം ഏപ്രില്‍ 30ഓടേ ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷം കടക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനം ഓക്‌സിജന്‍ പ്രതിസന്ധി നേരിടുമോ എന്ന ആശങ്കയിലാണ്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വരുന്ന ആഴ്ചകളില്‍ ഐസിയു കിടക്കകളുടെ 61 ശതമാനവും രോഗികളെ കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വെന്റിലേറ്ററുകളുടെ 34 ശതമാനവും ഉപയോഗത്തിലാണ്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന നാഗ്പൂര്‍, ഔറംഗബാദ് തുടങ്ങിയ ഇടങ്ങളില്‍ ബെഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്.

മഹാമാരിയുടെ തുടക്കത്തില്‍ മഹാരാഷ്ട്രയില്‍ രണ്ട് ഐസൊലേഷന്‍ സെന്ററുകളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 4000 സെന്ററുകളിലായി 3.7 ലക്ഷം കിടക്കകളായി ഉയര്‍ന്നിട്ടുണ്ട്. കേസുകള്‍ വീണ്ടും ക്രമാതീതമായി ഉയര്‍ന്നാല്‍ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് ആരോഗ്യവിഭാഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com