'ഗുരുതര ആരോപണം'; അനില്‍ ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി, മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന മഹാരാഷ്ട്ര ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ അനില്‍ ദേശ്മുഖും മഹാരാഷ്ട്ര സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ദേശ്മുഖിന് എതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

ആരോപണത്തിന്റെ സ്വഭാവം സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതാണെന്ന് ജസ്റ്റിസുമാരായ എസ് കെ കൗളും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

ഇത് പ്രാഥമിക അന്വേഷണം മാത്രമാണ്. ഒരു മന്ത്രിക്ക് എതിരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

ദേശ്മുഖിന് എതിരെ വാക്കാലുള്ള ആരോപണം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാതെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ദേശ്മുഖിന്റെ അഭിഭാഷകന്‍ വാദിച്ചു. 

പൊലീസുകാരോട് നൂറുകോടി രൂപ പിരിക്കാന്‍ ആവശ്യപ്പെട്ടെന്ന കേസില്‍, സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചു. ഹോട്ടലുകളില്‍ നിന്നും ബാറുകളില്‍ നിന്നും നൂറുകോടി പണപ്പിരിവ് നടത്താന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുംബൈ മുന്‍ പൊലീസ് മേധാവി പരംബീര്‍ സിങ്ങാണ് പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com