രാജ്യത്ത് 11 മുതല്‍ 'വാക്‌സിനേഷന്‍ ഉത്സവ്'; വാക്‌സിന്‍ വന്നപ്പോള്‍ ടെസ്റ്റ് മറന്നു, പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 09:01 PM |
Last Updated: 08th April 2021 09:03 PM | A+A A- |

മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു/എഎന്‍ഐ
ന്യൂഡല്‍ഹി: ഏപ്രില്‍ 11മുതല്‍ 14ാം തീയതി വരെ രാജ്യത്ത് വാക്‌സിനേഷന്‍ ഉത്സവ് ആയി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. ആദ്യ തരംഗം കുറഞ്ഞപ്പോള്‍ സംസ്ഥാനങ്ങള്‍ ചെറിയ ആലസ്യ സ്വഭാവത്തിലായി. അത് രോഗം വീണ്ടും വര്‍ധിക്കുന്നതിലേക്ക് നയിച്ചു.
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കണം. നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ 'കൊറോണ കര്‍ഫ്യു' എന്ന പേരില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം.
70ശതമാനം ആര്‍ടി-പിസിആര്‍ ടെസ്റ്റുകളാണ് ലക്ഷ്യം. വാക്‌സിന്‍ വന്നപ്പോള്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്ന കാര്യം നമ്മള്‍ മറുന്നു. വാക്‌സിന്‍ ഇല്ലാതെയാണ് നമ്മള്‍ കോവിഡ് 19നെ വിജയിച്ചത് എന്ന് എല്ലാവരും ഓര്‍ക്കണം. മാസ്‌ക് ധരിക്കുന്നതിനെ കുറിച്ചും സാമൂഹ്യ അകലം പാലിക്കുന്നതിനെ കുറിച്ചും ക്യാമ്പയിനുകള്‍ വീണ്ടും സജീവമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.