കുതിച്ചുയര്‍ന്ന് കോവിഡ് ; ഇന്നലെ 1,31,968 പേര്‍ക്ക് രോഗബാധ ; 780 മരണം

നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 9,79,608 ആയി ഉയര്‍ന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി ഉയര്‍ന്നു. 

തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 9,79,608 ആയി ഉയര്‍ന്നു. 61,899 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം  1,67,642 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും അര ലക്ഷത്തിന് മുകളില്‍ രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 376 പേര്‍ മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 32,29,547 ആയി. നിലവില്‍ 5,21,317 ആക്ടീവ് കേസുകള്‍. 26,49,757 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ഇന്നലെ 376 പേര്‍ മരിച്ചതോടെ ആകെ മരണം 57,028. 

മുംബൈയില്‍ മാത്രം 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,874 ആയി. മഹാനഗരത്തില്‍ ആകെ രോഗികളുടെ എണ്ണം 4,91,698. രോഗ മുക്തി 3,92,514. നിലവില്‍ മുംബൈയില്‍ മാത്രം 86,279 പേരാണ് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നുണ്ട്. ഡല്‍ഹിയില്‍ ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് കഴി‍ഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com