ഇപ്പോള്‍ കോവിഡ് പിടിമുറുക്കുന്നത് യുവാക്കളില്‍, ജോലിയും യാത്രകളും സമ്പര്‍ക്കത്തിന് കാരണം; വിദഗ്ധര്‍  

ഡല്‍ഹിയില്‍ യുവാക്കളിലാണ് വൈറസ് പിടിമുറുക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യം ഇപ്പോള്‍ നേരിടുന്ന കോവിഡ് തരംഗത്തില്‍ ഇരകളായവരില്‍ കൂടുതലും യുവാക്കളാണെന്ന് വിദഗ്ധര്‍. ഡല്‍ഹിയില്‍ യുവാക്കളിലാണ് വൈറസ് പിടിമുറുക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. പ്രായമായവര്‍ വാക്‌സിന്‍ സ്വീകരിക്കുകയും വീടുകളില്‍ തന്നെ കഴിയുകയുമാണ്, അതേസമയം പുറത്തിറങ്ങുകയും ആളുകളുമായി ഇടപെടുകയും ചെയ്യുന്ന ചെറുപ്പക്കാരിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

രാജ്യം രണ്ടാം തരംഗത്തെ നേരിടുമ്പോള്‍ ഡല്‍ഹിയില്‍ കോവിഡിന്റെ നാലാം തരംഗമാണ് അരങ്ങേറുന്നത്. നിലവില്‍ അത്ഭുതപ്പെടുത്തുന്ന നിരക്കിലാണ് കോവിഡ് ബാധിതരുടെ എണ്ണം തലസ്ഥാനത്ത് ഉയരുന്നത്. 30നും 35നും ഇടയില്‍ പ്രായമുള്ള പുറത്ത് ജോലിക്ക് പോകുന്നവരാണ് ഡല്‍ഹിയിലെ വൈറസ് ബാധിതരില്‍ ഏറെയുമെന്ന് വിദഗ്ധര്‍ പറയുന്നു. 

മുന്‍പുണ്ടായിരുന്ന വൈറസിന്റെ ഘടനയില്‍ മാറ്റവന്നിട്ടുണ്ടാകുമെന്നും ഇപ്പോഴത്തേത് അതിവേഗം പടരുന്ന ഇനം ആകാമെന്നും ചില ഡോക്ടര്‍മാര്‍ കരുതുന്നു. ഇതുകൊണ്ടാകാം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ രോഗബാധിതരുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിട്ടും പല ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

' യുവാക്കള്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൂടുതലും പുറത്തിറങ്ങുന്നവരാണ്. ഇവരില്‍ പലരും പൊതുഗതാഗതം ഉപയോഗിക്കാറുണ്ട്. അതികൊണ്ടുതന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാന്‍ അവസരങ്ങളേറെയാണ്. പല ആളുകളും ഇപ്പോഴും മാസ്‌ക് ഉപയോഗിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമാണ്. ഇത് രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണമായിട്ടുണ്ട്' ഡോക്ടര്‍മാര്‍ പറഞ്ഞു. വൈറസ് പടരുന്ന വേഗത പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തേത് എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com