ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമോ? വിശദീകരണവുമായി റെയില്‍വേ

ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശ്യമൊന്നുമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആലോചനയില്ലെന്ന് റെയില്‍വേ. സര്‍വീസ് വെട്ടിച്ചുരുക്കാനും ഇപ്പോള്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ വരുമെന്ന ആശങ്ക പല കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്. ഇതിനു പിന്നാലെ നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ വരികയും ട്രെയിന്‍ സര്‍വീസ് നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം മൂന്‍കൂട്ടിക്കണ്ടാണ് പലരും നേരത്തെ തന്നെ നാട്ടിലേക്കു മടങ്ങുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിച്ചുകൊണ്ടാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണം.

''ട്രെയിന്‍ സര്‍വീസ് നിര്‍ത്താനോ കുറയ്ക്കാനോ ആലോചനയില്ല. ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ തയാറാണ്. ഇതു സംബന്ധിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല''- സുനീത് ശര്‍മ പറഞ്ഞു.

ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് വേനല്‍ക്കാലത്ത് സാധാരണ ഉണ്ടാവാറുള്ളതാണെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. തിരക്ക് കണക്കിലെടുത്ത് കുടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും ശര്‍മ പറഞ്ഞു. 

കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് സുനീത് ശര്‍മ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com