വാക്‌സിന്‍ എടുത്തതിനു പിന്നാലെ ഛര്‍ദ്ദിയും തലകറക്കവും, കുറിപ്പ് കണ്ട ഡോക്ടര്‍ ഞെട്ടി; മൂന്ന് സ്ത്രീകള്‍ക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍

ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ മൂന്ന് പ്രായമായ സ്ത്രീകള്‍ക്ക് ആരോഗ്യകേന്ദ്രത്തില്‍ കുത്തിവെച്ചത് പേവിഷബാധയ്‌ക്കെതിരെ നല്‍കുന്ന വാക്‌സിന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ മൂന്ന് പ്രായമായ സ്ത്രീകള്‍ക്ക് ആരോഗ്യകേന്ദ്രത്തില്‍ കുത്തിവെച്ചത് പേവിഷബാധയ്‌ക്കെതിരെ നല്‍കുന്ന വാക്‌സിന്‍. കുത്തിവെയ്പിന് പിന്നാലെ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഒരു സ്ത്രീ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

പശ്ചിമ ഉത്തര്‍പ്രദേശിലെ ഷാമിലിയിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചത് മാറിപ്പോകുകയായിരുന്നു. കുത്തിവെയ്പിന് പിന്നാലെ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട ഇവരില്‍ ഒരാള്‍ സ്വകാര്യ ഡോക്ടറുടെ സേവനം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തനിക്ക് നല്‍കിയ സ്ലിപ്പ് സ്ത്രീ ഡോക്ടറെ കാണിച്ചു. ഇതിലാണ് പേവിഷബാധയ്‌ക്കെതിരെയുള്ള റാബിസ് വാക്‌സിന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. 60നും 70നും ഇടയില്‍ പ്രായമുള്ളവരാണ് സ്ത്രീകള്‍. ഇവരോട് കോവിഡ് വാക്‌സിന്‍ നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ പോകാനാണ് നിര്‍ദേശിച്ചത്. പകരം ഇവര്‍ ജനറല്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ പോയതാണ് വാക്‌സിന്‍ മാറിപ്പോകാന്‍ കാരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഫാര്‍മസിസ്റ്റിന്റെ ഭാഗത്ത്് നിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നാണ്് പ്രാഥമിക നിഗമനം. സ്ഥലം മാറി വന്നവര്‍ക്ക് എങ്ങനെയാണ് റാബിസ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്് എന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com