മോദിക്ക് സ്വീകാര്യതയേറെ ; ബംഗാളില്‍ ബിജെപി വിജയിക്കുമെന്ന് മമതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ വിലയിരുത്തല്‍; ഓഡിയോ ക്ലിപ്പ് പുറത്ത്

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ആഭ്യന്തരസര്‍വേ നടത്തിയിരുന്നു
മോദി ബം​ഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ / ഫയൽ
മോദി ബം​ഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ / ഫയൽ

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിക്കൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഓഡിയോ ക്ലിപ്പ് ബിജെപി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം ബിജെപിക്ക് ഗുണകരമാകുമെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ പറയുന്നു. 

സമൂഹമാധ്യമമായ ക്ലബ്ഹൗസില്‍  മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ആഭ്യന്തരസര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് കിഷോര്‍ തൃണമൂലിന്റെ തോല്‍വി സമ്മതിക്കുന്നതെന്നും അമിത് മാളവ്യ പറയുന്നു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാളില്‍ ഏറെ ജനപ്രിയരാണ്. കൂടാതെ ഹിന്ദു വോട്ട് ധ്രുവീകരണത്തിനും സാധ്യതയുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. സുവേന്ദു അധികാരി ടിഎംസി വിട്ടത് വലിയ തിരിച്ചടിയായേക്കില്ല. ഏതേസമയം 27 ശതമാനം വരുന്ന ദളിതരും മാതുവ സമുദായവും അനുകൂലമാകുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും പ്രശാന്ത് കിഷോര്‍ വിലയിരുത്തുന്നു. 

ഒരു നിശ്ചിത ശതമാനം ജനങ്ങള്‍ മോദിയെ ദൈവത്തെപ്പോലെയാണ് കാണുന്നത്. ബംഗാളില്‍ ഹിന്ദി സംസാരിക്കുന്നവരുടെ പിന്തുണ മോദിക്കാണ്. ഇതോടൊപ്പം ഭരണവിരുദ്ധ വികാരവും തൃണമൂല്‍ കോണ്‍ഗ്രസിനെയാകും ബാധിക്കുകയെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. ബിജെപി സാമൂഹികമാധ്യമങ്ങളിലൂടെ ഈ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

അതിനിടെ ഓഡിയോയിലെ പ്രതികരണത്തിന് വിശദീകരണവുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. ബിജെപി ഓഡിയോയിലെ തെരഞ്ഞെടുത്ത ഭാഗം മാത്രമാണ് പുറത്തുവിടുന്നത്. ബിജെപിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ ആവര്‍ത്തിച്ചു. തന്റെ ചാറ്റ് ബിജെപി നേതാക്കള്‍ ഗൗരവത്തോടെ കണ്ടതില്‍ സന്തോഷമുണ്ടെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com