രക്തസ്രാവം ഉണ്ടായില്ല ; സമുദായത്തിന്റെ 'കന്യകാത്വ പരിശോധന'യില്‍ പരാജയപ്പെട്ടു, വിവാഹമോചനം, കേസ്

കഴിഞ്ഞ നവംബര്‍ 27 നായിരുന്നു യുവതിയും സഹോദരിയും സഹോദരന്മാരായ യുവാക്കളെ വിവാഹം കഴിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ : കന്യകാത്വം തെളിഞ്ഞില്ലെന്ന് ആരോപിച്ച് സഹോദരിമാരെ വിവാഹമോചനം ചെയ്യാനുള്ള ഭര്‍തൃവീട്ടുകാരുടെ നീക്കത്തിന് പിന്തുണയുമായി ജാട്ട് പഞ്ചായത്ത്. സംഭവത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കും ഭര്‍തൃവീട്ടുകാര്‍ക്കും ഏതാനും ജാട്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 

കഴിഞ്ഞ നവംബര്‍ 27 നായിരുന്നു യുവതിയും സഹോദരിയും സഹോദരന്മാരായ യുവാക്കളെ വിവാഹം കഴിച്ചത്. കാഞ്ഞാര്‍ഭട്ട് സമുദായത്തില്‍പ്പെട്ടവരായിരുന്നു ഇരു കുടുംബവും. വിവാഹത്തിന് ശേഷം സമുദായാചാരപ്രകാരമുള്ള കന്യാകാത്വം തെളിയിക്കലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 

വിവാഹശേഷം ഇരു ദമ്പതികളെയും വെള്ളത്തുണി വിരിച്ച മുറികളില്‍ താമസിപ്പിച്ചു. ദമ്പതിമാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, രക്തസ്രാവം ഉണ്ടായാല്‍ പെണ്‍കുട്ടി കന്യകയാണെന്നാണ് സമുദായത്തിന്റെ വിശ്വാസം.

ഇതനുസരിച്ച് ഒരു സഹോദരി കന്യകാത്വ പരീക്ഷയില്‍ പാസ്സായി. എന്നാല്‍ രണ്ടാമത്തെ സഹോദരിക്ക് രക്തസ്രാവം ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് യുവതി കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും വിവാഹമോചനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. വിവാഹമോചനവും 10 ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം ജാതി പഞ്ചായത്തിനെ ( ജാട്ട് പഞ്ചായത്ത്) സമീപിച്ചു. യുവതികളെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയക്കാനും ശ്രമിച്ചു. തുടര്‍ന്ന് യുവതികളുടെ മാതാവ് ജാട്ട് പഞ്ചായത്തിനെ സമീപിച്ചതോടെ, 40,000 രൂപയ്ക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചു. 

ഇതനുസരിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ഇവരുടെ വിവാഹബന്ധം വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. കൂടാതെ, യുവതിയെ സമുദായത്തില്‍ നിന്നും പുറത്താക്കിയതായും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് സഹോദരിമാര്‍ ഭര്‍തൃകുടുംബത്തിനും ജാട്ട് പഞ്ചായത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com