ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ വാനിലിട്ട് ജീവനോടെ കത്തിച്ചു; 'ലേഡി സുകുമാരക്കുറുപ്പും' സഹായിയും അറസ്റ്റില്‍

വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രംഗരാജും ഭാര്യയും ബന്ധുവും വാനില്‍ നാട്ടിലേക്ക് തിരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍ : ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാനായി വീട്ടമ്മ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഈറോഡ് ജില്ലയിലെ തുടുപ്പത്തി സ്വദേശിയായ കെ രംഗരാജ് എന്ന 62 കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ രംഗരാജിന്റെ ഭാര്യ 57 കാരിയായ ജോതിമണി, ബന്ധു രാജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 1.3 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. 

യന്ത്രത്തറി ഉടമയാണ് രംഗരാജ് എന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 15 ന് അപകടത്തില്‍ പരിക്കേറ്റ രംഗരാജിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രംഗരാജും ഭാര്യയും ബന്ധുവും വാനില്‍ നാട്ടിലേക്ക് തിരിച്ചു. 

രാത്രി 11.30 ഓടെ വാഹനം പെരുമനെല്ലൂരില്‍ എത്തിയപ്പോള്‍, രാജ വാഹനം നിര്‍ത്തുകയും രാജയും ജോതിമണിയും ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് വാഹനത്തിന് തീ കൊളുത്തുകയും ചെയ്തു. രംഗരാജ് വാഹനത്തിനകത്ത് കിടന്ന് വെന്തുമരിച്ചു. പിറ്റേന്ന് അപകടമുണ്ടായി എന്നു കാണിച്ച് ജോതിമണി തിരുപ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. 

എന്നാല്‍ രാജയുടെ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. പെട്രോള്‍ പമ്പില്‍ നിന്നും കാനില്‍ രാജ പെട്രോള്‍ വാങ്ങിയിരുന്നതായി കണ്ടെത്തി. ഇതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സഹിതം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 

രംഗരാജ് പലരില്‍ നിന്നുമായി 1.5 കോടിയോളം രൂപ കടം വാങ്ങിയിരുന്നു. രംഗരാജിന് 3.5 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടായിരുന്നു. ജോതിമണിയായിരുന്നു ഇതിന്റെ നോമിനി. രംഗരാജിനെ കൊലപ്പെടുത്തി ഈ പണം തട്ടിയെടുക്കാന്‍ ജോതിമണി പദ്ധതിയിട്ടു. സഹായത്തിന് ബന്ധുവായ രാജയെ കൂടെ കൂട്ടി. 

അഡ്വാന്‍സായി രാജയ്ക്ക് അരലക്ഷം രൂപ നല്‍കി. കൃത്യം നടത്തിയശേഷം ഒരു ലക്ഷം രൂപ കൂടി നല്‍കുമെന്ന് ജോതിമണി, രാജയ്ക്ക് വാക്കു നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com