ശ്മശാനത്തില്‍ കുന്നുകൂടി കോവിഡ് മൃതദേഹങ്ങള്‍; ഗുജറാത്തില്‍ ആശങ്ക

ശ്മശാനത്തില്‍ കുന്നുകൂടി കോവിഡ് മൃതദേഹങ്ങള്‍; ഗുജറാത്തില്‍ ആശങ്ക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഗുജറാത്തില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നതായി റിപ്പോര്‍ട്ടുകള്‍. സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളിലാണ് മൃതദേഹങ്ങള്‍ കുന്നൂകുടുന്നത്. 

അതേസമയം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 49 മരണങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനിടെയാണ് ഇപ്പോള്‍ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നതായുളള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

യഥാര്‍ഥ കോവിഡ് ഡേറ്റ സര്‍ക്കാര്‍ മറച്ചുപിടിക്കുന്നു എന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ തളളി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഐസിഎംആര്‍ നിഷ്‌കര്‍ഷിച്ച രീതിയിലാണ് സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടും മുന്‍പ് സൂറത്തിലെ രാംനാഥ്‌ഘേല ശ്മശാനം, കുരുക്ഷേത്ര ശ്മശാനം, ഉമ്ര, ജഹാംഗീര്‍പുര എന്നിവിടങ്ങളില്‍ പ്രതിദിനം ശരാശരി 20 മൃതദേഹങ്ങളാണ് സംസ്‌കരിക്കാനായി എത്താറുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളായി ഇവിടെ എണ്‍പതിനടുത്ത് മൃതദേഹങ്ങളാണ് സംസ്‌കരിക്കുന്നതെന്ന് ശ്മശാന അധികൃതര്‍ പറയുന്നു. 

സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനികുമാര്‍ ശ്മശാനത്തില്‍ 30 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 110 മൃതദേഹങ്ങളാണ് പ്രതിദിനം സംസ്‌കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനായി അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. 

രാജ്‌കോട്ടിലും മരണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ആറിനും എട്ടിനും ഇടയില്‍ 89 പേര്‍ മരിച്ചു. എന്നൊല്‍ അതില്‍ 14 പേര്‍ മാത്രമാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും മറ്റുളളവര്‍ ഇതര രോഗങ്ങളുളളവരായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. 89 പേരേയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കരിച്ചത്.

രാജ്‌കോട്ടിലെ ഏറ്റവും വലിയ ശ്മശാനമായ രാംനാഥ്പരയില്‍ പ്രതിദിനം 20 മൃതദേഹങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മറവ് ചെയ്യുന്നുണ്ട്. അഹമ്മദാബാദില്‍ വിവിധ ശ്മശാനങ്ങളിലായി രണ്ട് ഡസണോളം മൃതദേഹങ്ങള്‍ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്‌കരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com