തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നു; ഖുറാന്‍ വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജി; 50,000രൂപ പിഴ വിധിച്ച് സുപ്രീംകോടതി

ഖുറാനില്‍ നിന്നും 26 വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഖുറാനില്‍ നിന്നും 26 വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ വചനങ്ങള്‍ മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇയാള്‍ക്ക് അമ്പതിനായിരം രൂപ പിഴയും കോടതി ചുമത്തി. ഹര്‍ജി ബാലിശ്ശമായതാണെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ഈ പെറ്റീഷന്‍ ഗൗരവമായ വിഷയമാണ് എന്ന് കരുതുന്നുണ്ടോയെന്ന് ജസ്റ്റിസ് നരിമാന്‍, റിസ്‌വിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ കെ റയ്‌സാദയോട് ചോദിച്ചു. 

ഖുറാനിലെ ചില വാക്കുകളുടെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം വിശ്വാസികളല്ലാത്തവര്‍ക്ക് എതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇതാണ് മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് എന്നും റിസ്‌വിയുടെ അഭിഭാഷകന്‍ വാദിച്ചു. 

'ചെറു പ്രായത്തിലെ കുട്ടികളെ മദ്രസകളില്‍ അടിമകളാക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു, എന്നാല്‍ നടപടിയുണ്ടായില്ല'- -റയ്‌സാദ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹര്‍ജി തള്ളുകയായിരുന്നു. 

ഇസ്ലാം സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്നും. എന്നാല്‍ ഖുറാനിലെ 26 വചനങ്ങളെ തീവ്രമായി വ്യാഖ്യാനിക്കുന്നതുവഴി ഇസ്ലാം അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന വ്യതിചലിച്ച്, തീവ്രവാദത്തിലേക്കും അവിടെനിന്ന് ഭീകരവാദത്തിലേക്കും നീങ്ങുകയാണ് എന്നും റിസ്‌വി ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com