മധ്യപ്രദേശില്‍ കോവിഡ് 'പരിശോധന' നടത്തുന്നത് തോട്ടക്കാരന്‍! മറ്റെന്താണ് ചെയ്യുകയെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ (വീഡിയോ)

മധ്യപ്രദേശില്‍ കോവിഡ് 'പരിശോധന' നടത്തുന്നത് തോട്ടക്കാരന്‍! മറ്റെന്താണ് ചെയ്യുകയെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പാല്‍: രാജ്യത്ത് കോവിഡ് രണ്ടാം ഘട്ട വ്യാപനം അതിവേഗമാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രിതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പല സംസ്ഥാനങ്ങളിലേയും ആരോഗ്യ രംഗം വലിയ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നത്. 

അത്തരമൊരു റിപ്പോര്‍ട്ടാണ് മധ്യപ്രദേശില്‍ നിന്ന് വരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണം 4000ത്തിന് മുകളിലായ മധ്യപ്രദേശില്‍ ആശുപത്രികളില്‍ മതിയായ ജീവനക്കാരില്ല. സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് ദിവസമായി നാലായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണമെങ്കില്‍ ഇന്നലെ അത് ആറായിരവും പിന്നിട്ടു. 

മതിയായ ജീവനക്കാര്‍ ഇല്ലാത്തതും പലര്‍ക്കും കോവിഡ് പോസിറ്റീവായതും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തുന്നത് അവിടുത്തെ തോട്ടക്കാരനാണ്! ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഹല്‍കെ രാം എന്ന തോട്ടക്കാരനാണ് സാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തുന്നത്. താന്‍ ആശുപത്രിയിലെ സ്ഥിരം ജീവനക്കാരന്‍ അല്ലെന്നും ആശുപത്രിയിലെ മിക്ക ജോലിക്കാര്‍ക്കും കോവിഡ് പിടിപെട്ടതിനാല്‍ തന്നോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അത് നടത്തുന്നതെന്നും ഹല്‍കെ രാം വ്യക്തമാക്കി. 

തങ്ങള്‍ മറ്റെന്താണ് ചെയ്യുകയെന്ന് തിരിച്ച് ചോദിക്കുകയാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ രാജ്ശ്രീ ടിഡ്‌കെ. മിക്ക ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ആശുപത്രി പ്രവര്‍ത്തനം മുന്നോട്ട് പോകണം. ആശുപത്രികളില്‍ മറ്റ് ജോലികള്‍ ചെയ്യുന്ന തോട്ടക്കാരന്‍ ഉള്‍പ്പെടെയുള്ള ചിലരെ അത്യാവശ്യത്തിന് ഇത്തരം കാര്യങ്ങള്‍ പരിശീലിപ്പിച്ചതായും രാജ്ശ്രീ ടിഡ്‌കെ വ്യക്തമാക്കി.   

അതേസമയം മതിയായ ജീവനക്കാരില്ലാത്തത് അടക്കം ചൂണ്ടിക്കാട്ടി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ ആരോഗ്യമന്ത്രി ഉപതെരഞ്ഞെടുപ്പ്  പ്രചാരണവുമായി നടക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആരോഗ്യ മന്ത്രിയായ ഡോ. പ്രഭുറാം ചൗധരി റാഞ്ചിയില്‍ നിന്നുള്ള എംഎല്‍എ കൂടിയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ സംസ്ഥാനത്തെ ഒരു ആശുപത്രിയിലെങ്കിലും ആരോഗ്യ മന്ത്രി സന്ദര്‍ശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് കോണ്‍ഗ്രസ് വക്താവ് സയ്യിദ് സഫര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com