മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍  

നാളെ രാത്രി എട്ടുമണി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക.

മുംബൈ:  കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ബുധനാഴ്ച രാത്രി 8 മുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതിനെ ലോക്ഡൗൺ എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും അതിനു സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തുടനീളം 144 പ്രഖ്യാപിക്കുമെന്നതിനാൽ നാല് പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും.

സംസ്ഥാനത്തെ ഓക്സിജൻ, മരുന്നത് ക്ഷാമം പരിഹരിക്കുന്നതിന് സൈന്യത്തിന്റെ സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് റെംഡിസിവിർ മരുന്നിന്റെ ആവശ്യകത വർധിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ റോഡ് മാർഗം കൊണ്ടുവരുന്നതിന് പകരം വ്യോമസേനയുടെ സഹായം തേടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും ഉദ്ധവ് താക്കറെ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അടുത്ത ഒരു മാസത്തേക്ക് സംസ്ഥാന സർക്കാർ മൂന്നു കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയില്‍ ഇന്ന് 60,000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌
 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ. 281 പേര്‍ മരിച്ചു.

31,624 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ ആറുലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,93,042 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ മാത്രം 7898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com