സ്പുട്നിക് മെയ് മുതൽ; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

സ്പുട്നിക് മെയ് മുതൽ; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ സ്പുട്നിക് 5 രാജ്യത്ത് ഉപയോ​ഗിക്കാൻ അനുമതി. സ്പുട്നിക് വാക്സിൻ ഉപയോ​ഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നൽകിയത്. ഡിസിജിഐയുടെ കീഴിലുള്ള വിദഗ്ധ സമിതി അനുമതിക്ക് ശുപാർശ ചെയ്തിരുന്നു. സ്പുട്നികിന് അനുമതി നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 

സ്പുട്നിക് വാക്സിൻ മെയ് മാസം മുതൽ വിതരണം ആരംഭിക്കും. 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിൻ അവകാശപ്പെടുന്നത്. ഡോ. റെഡ്ഡീസ് ആണ് സ്പുട്‌നിക് ഇന്ത്യയിൽ നിർമിക്കുക.

ഇന്നലെ ചേർന്ന സബ്ജക്ട് എക്‌സ്പർട്ട് കമ്മിറ്റിയാണ് സ്പുട്നിക് 5 വാക്‌സിന് അംഗീകാരത്തിനുള്ള ശുപാർശ നൽകിയത്. ഉപയോ​ഗത്തിനുള്ള അന്തിമാനുമതി ലഭിച്ചതോടെ രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിൻ ആയി സ്പുട്നിക് മാറി. 

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകൾ. കോവിഡ് രണ്ടാം തരം​ഗത്തിന്റെ ആശങ്കയിൽ നിൽക്കുന്ന രാജ്യത്ത് സ്പുട്നികിനും അനുമതി നൽകിയതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ വേ​ഗത്തിലാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com