മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കൂടുന്നു ; ആശുപത്രികളില്‍ കിടക്കകളും ഐസിയുവും നിറഞ്ഞു ; റായ്പൂരില്‍ സ്ഥിതി രൂക്ഷം, പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനേയും മറികടന്ന് കുതിപ്പ്

ഛത്തീസ്ഗഡില്‍ കഴിഞ്ഞദിവസം 15,121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റായ്പൂര്‍ : ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 4168 പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ബ്രിട്ടന്‍, യുഎഇ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളെയാണ് റായ്പൂര്‍ പിന്തള്ളിയത്.

ഛത്തീസ്ഗഡില്‍ കഴിഞ്ഞദിവസം 15,121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നിലൊന്നും റായ്പൂരിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ  1,09,139 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതാദ്യമായാണ് ഛത്തീസ്ഗഡില്‍ കോവിഡ് രോഗികളുടെ എണ്ണം ലക്ഷം കടക്കുന്നത്. 

രോഗികളുടെ എണ്ണം കൂടിയതോടെ, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഐസിയു ബെഡ്ഡുകള്‍ പോലും ഒഴിവില്ലാത്തത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആശുപത്രി മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. ശ്മശാനങ്ങളില്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം 2472 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുഎഇയില്‍ 1928 പേര്‍ക്കും, മെക്‌സിക്കോയ്ക്ക് 1793 ഉം, ദക്ഷിണാഫ്രിക്കയില്‍ 655 ഉം, ഇസ്രായേലില്‍ 225 പേര്‍ക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com