രാമക്ഷേത്ര നിർമാണം; ധന സമാഹരണത്തിൽ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകൾ!

രാമക്ഷേത്ര നിർമാണം; ധന സമാഹരണത്തിൽ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകൾ!
അയോധ്യയിൽ നിർമിക്കുന്ന രാമ ക്ഷേത്രത്തിന്റെ നിർദ്ദിഷ്ട മാതൃക/ ട്വിറ്റർ
അയോധ്യയിൽ നിർമിക്കുന്ന രാമ ക്ഷേത്രത്തിന്റെ നിർദ്ദിഷ്ട മാതൃക/ ട്വിറ്റർ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി നടത്തിയ ധന സമാഹരണത്തിൽ വണ്ടിച്ചെക്കുകളും. 15,000 വണ്ടിച്ചെക്കുകളാണ് ധന സമാഹരണം നടത്തിയ വിഎച്ച്പി അടക്കമുള്ള വിവിധ സംഘടനകൾക്ക് ലഭിച്ചത്.  22 കോടി രൂപയുടെ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

രാമക്ഷേത്ര നിർമാണത്തിനായി രൂപവത്കരിച്ച 'ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്' നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം വ്യക്തമായത്. സാങ്കേതിക പിഴവുകൾ, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങളാലും ചില ചെക്കുകൾ മടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മടങ്ങിയ 15,000 ചെക്കുകളിൽ 2,000 എണ്ണം അയോധ്യയിൽ നിന്നു തന്നെ ലഭിച്ചവയാണെന്ന് ട്രസ്റ്റിന്റെ ഖജാൻജി സ്വാമി ഗോവിന്ദേവ് ഗിരി പറഞ്ഞു. ബാക്കിയുള്ള 13,000 ചെക്കുകൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ലഭിച്ചവയാണ്. മടങ്ങിയ ചെക്കുകൾ തന്നവർക്ക് തന്നെ തിരികെ നൽകുമെന്നും പിഴവുകൾ തിരുത്താൻ അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് അധികൃതരുമായി ചേർന്ന് ചെക്കുകളിലെ പിഴവുകൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു. ചെക്കിലെ പിഴവുകൾ തിരുത്തുന്നതിന് വ്യക്തികൾക്ക് ബാങ്കുകൾ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെയാണ് ക്ഷേത്ര നിർമാണത്തിന് രാജ്യ വ്യാപകമായ ധന സമാഹരണം നടത്തിയത്. രാജ്യത്തെമ്പാടു നിന്നുമായി 2,500 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ തുക സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com