ജൂണ്‍ ആദ്യത്തോടെ പ്രതിദിന മരണം 2300 ന് മുകളിലെത്തും; രോഗവ്യാപനം അതിവേഗത്തില്‍ ; പഠന റിപ്പോര്‍ട്ട്

രണ്ടാം തരംഗം കൂടുതല്‍ ഭൂമിശാസ്ത്രപരമായി ക്ലസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗം അടുത്തമാസത്തോടെ രാജ്യത്ത് കൂടുതല്‍ വിനാശകാരിയായേക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ജൂണ്‍ ആദ്യവാരത്തോടെ പ്രതിദിന മരണ നിരക്ക് 2300 ന് മുകളിലാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലാന്‍സെറ്റ് കോവിഡ്-19 കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

കോവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമായി ബാധിച്ചിട്ടുള്ളത് ഇന്ത്യയിലെ രണ്ടും മൂന്നും തട്ടിലുള്ള നഗരങ്ങളെയാണ്. രണ്ടാം തരംഗം കൂടുതല്‍ ഭൂമിശാസ്ത്രപരമായി ക്ലസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

2020 ഓഗസ്റ്റ് - സെപ്റ്റംബര്‍ കാലയളവില്‍ കോവിഡ് കേസുകളുടെ ആദ്യ കുതിച്ചുചാട്ട സമയത്ത്, കേസുകളില്‍ 75% സംഭാവന ചെയ്യുന്ന ജില്ലകളുടെ എണ്ണം 60-100 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍, അത് 20-40 ജില്ലകളിലായിട്ടുണ്ട്. 

അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ തികച്ചും വേറിട്ടതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരുടെ എണ്ണം മുന്‍കാലത്തേക്കാള്‍ അതിവേഗം വര്‍ധിക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ നിന്നും 80,000 ലേക്ക് കുതിച്ചുയര്‍ന്നത് വെറും 40 ദിവസം കൊണ്ടാണ്. 

കഴിഞ്ഞ സെപ്റ്റംബറില്‍ ഇത്രയധികം പ്രതിദിന രോഗബാധിതരുണ്ടായത് 83 ദിവസം കൊണ്ടാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങള്‍ തീരെ പ്രകടമാകാത്തതോ, ചെറുതായ രോഗലക്ഷണങ്ങളോ വന്‍ തോതിലുള്ള രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, രോഗം പെട്ടെന്ന് കണ്ടെത്തുന്നതിനും, ആശുപത്രി ചികില്‍സ വൈകാനും ഇത് ഇടയാക്കുന്നു. 

2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ മരണ നിരക്ക് 1.3 ശതമാനമായിരുന്നു. 2021 തുടക്കത്തില്‍ ഇത് 0.87 ശതമാനമായി. എന്നാല്‍ രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ മരണ നിരക്കും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന മരണ നിരക്ക് ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിന് മുകളിലുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com