കോവിഡ് വ്യാപനം;  കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപനം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്നുവരുന്ന കുംഭമേള അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം
കുംഭമേള/ഫയല്‍ ചിത്രം
കുംഭമേള/ഫയല്‍ ചിത്രം

ഹരിദ്വാര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്നുവരുന്ന കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപനം. കുംഭമേളയുടെ മുഖ്യ നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്‌ദേശാനന്ദ ഗിരിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചടങ്ങുകള്‍ മാത്രമായി കുംഭമേള വെട്ടിച്ചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.

രാജ്യത്തെ ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് അവ്‌ദേശാനന്ദ് ട്വിറ്ററില്‍ കുറിച്ചു. നിമജ്ജനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തങ്ങള്‍ കുംഭമേള അവസാനിപ്പിക്കുകയാണ് എന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് അഖാഡ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

കുംഭമേള ചടങ്ങുകളാക്കി നടത്തണമെന്ന് അവ്‌ദേശുമായി നടത്തിയ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയിലെ പ്രധാന ചടങ്ങുകളായ രണ്ടു ഷാഹി സ്‌നാനങ്ങള്‍ നടന്നുകഴിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് തുര്‍ന്നുള്ള ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.മറ്റു അഖാഡകളും കുംഭമേള അവസാനിപ്പിക്കുകയാണ് എന്ന് വ്യക്തമാക്കി രംഗത്തുവരുന്നുണ്ടെന്ന് അവദേശ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

കോവിഡിന്റെ രണ്ടാംതരംഗം ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിലും ഒരു നിയന്ത്രണവും പാലിക്കാതെ കുംഭമേളയില്‍ വന്‍ ജനപങ്കാളിത്തം നടക്കുന്നതിനെ പറ്റി രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com